കൊടവലത്ത് മത്സരം കനക്കും
പുല്ലൂര്‍-പെരിയയിലെ കൊടവലം വാര്‍ഡില്‍ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങി. മെയ് 15നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സിലെ അരീക്കര നാരായണന്റെ മരണത്തെ തുടര്‍ന്നാണ് കൊടവലം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ വാര്‍ഡിലെ ജയപരാജയമായിരിക്കും പുല്ലൂര്‍- പെരിയയിലെ ഭരണം ഏത് മുന്നണിക്കെന്നത് നിശ്ചയിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലം കൂടിയാണ് കൊടവലം. 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ്സിലെ അരീക്കര നാരായണന്‍ ഇവിടെ ജയിച്ചത്. നിലവില്‍ ബി.ജെ.പി.യുടെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരണം നടത്തുന്നത്. കോണ്‍ഗ്രസ്സിലെ സി.കെ.അരവിന്ദനാണ് പഞ്ചായത്ത് പ്രസിഡന്റ്. ബി.ജെ.പി. അംഗം ഉള്‍പ്പെടെ ഒമ്പത്‌പേരാണ് യു.ഡി.എഫിനെ പിന്തുണച്ചിരുന്നത്. അരീക്കര നാരായണന്റെ മരണത്തോടെ ഇരുകൂട്ടര്‍ക്കും അംഗസംഖ്യ എട്ടായി ചുരങ്ങി.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐ.യിലെ എം.നാരായണന്‍ ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക നല്‍കി. കോണ്‍ഗ്രസ്സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വിനോദ്കുമാര്‍ പള്ളയില്‍വീട് ബുധനാഴ്ച പത്രിക നല്‍കും. ഇക്കുറി ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിഞ്ഞ ദിവസം മധുരമ്പാടിയില്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം തീരുമാനിച്ചിരുന്നു. 1211 വോട്ടര്‍മാരാണ് കൊടവലം വാര്‍ഡില്‍ ഉള്ളത്. 121 പുതിയ വോട്ടുകളും ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ത്രികോണമല്‍സരം ഉറപ്പായതോടെ ഇഞ്ചോടിഞ്ച് പോരാട്ടം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മാധവവാര്യര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം വാര്‍ഡിനകത്തെ വിവിധ യോഗങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞു.
...ആര് ജയിച്ചാലും ഞങ്ങളുടെ റോഡു ശരിയാക്കിയാല്‍ മതി...
